മലയാള സിനിമയില് പുതിയ പ്രകാശം
ആളിന്‍റെ പേര് പ്രകാശ് ബാരെ. കേള്‍ക്കുമ്പോള്‍ അന്യസംസ്ഥാനക്കാരനാണെന്ന് തോന്നിയേക്കാം. സംശയിക്കേണ്ട- ഭൂമിമലയാളത്തില് ഉള്ള ആള്‍ തന്നെ. കാസര്‍കോട് ജില്ലയിലെ ഉദുമക്ക് അടുത്ത് ബാരെ ഗ്രാമത്തിലാണ് പ്രകാശ് ജനിച്ചത്. കൌമാരം കഴിയും വരെ വളര്ന്നതും പഠിച്ചതും കണ്ണൂരില്‍. ആയിരത്തി തൊള്ളായിരത്തി എണ്പത്തിരണ്ടു മുതല്‍ നാല് വര്ഷം പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠനം. അക്കാലത്താണ് പ്രകാശ് ബാരെ നാടക രംഗത്ത് സജീവമായത്. ജോസ് ചിറമ്മലിന്റെ റൂട്സ് എന്ന നാടകക്കൂട്ടായ്മയില്‍ നിന്നെത്തിയവരും ഒത്തു ചേര്ന്നുള്ള നാടക പ്രവര്ത്തനങ്ങളില്‍ പ്രകാശ് മുഴുകി. കാമ്പസ് തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും പ്രകാശ് ബാരെ എന്ന നടന്‍ കരുത്താര്ജിച്ചു . തെരുവു നാടകങ്ങളിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന പ്രകാശ് ആയിരത്തി തൊള്ളായിരത്തി എമ്പത്തഞ്ചില്‍ കോഴിക്കോട് യൂനിവേഴ്സിറ്റി കലോല്സവത്തില്‍ മലയാളം - ഇംഗ്ലീഷ് വിഭാഗങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരങ്ങള്ക്ക് അര്‍ഹനായി. സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെ കാത്ത് എന്ന നാടകത്തിലെ എസ്ട്രജന്‍ , എന്ഡ്ഗെയിം എന്ന നാടകത്തിലെ ക്ലോവ് എന്നീ കഥാ പാത്രങ്ങളും ഡയലോഗുകള്‍ ഇല്ലാതെ നടത്തിയ എകാഭിനയവുമാണ് പ്രകാശിനെ മികച്ച നടനുള്ള ഒന്നാം സമ്മാനങ്ങള്ക്ക് അര്ഹനാക്കിയത്.
അഭിനയശേഷിയെ നിരന്തരം സ്ഫുടം ചെയ്തെടുക്കുംപോഴും പഠനകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുവാന്‍ പ്രകാശിന് കഴിഞ്ഞിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന്‍റെ സമവാക്യങ്ങള്‍ ഒട്ടും തെറ്റാതെ തന്നെ അഭിനയത്തിന്‍റെ യും ദൃശയ മാധ്യമ സാധ്യതകളുടെയും സമവാക്യങ്ങള്‍ രൂപപ്പെടുത്തുവാന്‍ പ്രതിഭാശാലിയായ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. പാലക്കാട്ടെ പഠനത്തിനു ശേഷം കണ്‍പൂരിലെ ഐ ഐ ടി യില്‍ ചേര്‍ന്നു. അവിടുന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം നേടിയ പ്രകാശ് തൊഴില്‍ തേടി എത്തിപ്പെട്ടത് അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ . കാടെന്സ്, സൈപ്രസ്, എല്‍ എസ് ഐ ലോജിക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അതോടൊപ്പം തന്നെ കാലിഫോര്‍ണിയയിലെ കലാ സാംസ്കാരിക വേദികളിലും പ്രകാശ് ബാരെ സജീവമായി. അക്കാലത്താണ് തമ്പി ആന്റണി യുമായി സൌഹൃദത്തില്‍ ആവുന്നത്.
നാലാള്‍പടയുടെ മുന്നേറ്റം
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ നാല് മലയാളികള്‍ സിലിക്കണ്‍വാലിയില്‍ ഒത്തു കൂടി. അവിടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍. ചിപ്പ് ഡിസൈനിംഗ്, ബൌദ്ധിക സ്വത്തുല്പ്പാദനം , സിസ്റ്റം ഡിസൈനിംഗ് മുതലായ മേഖലകളിലെ യുവതാരങ്ങള്‍ ആയിരുന്നു അവര്‍. - എ ജി നാരായണന്, രവി തുമ്മരുകുടി , ഗോപ പെരിയാടന്‍, പ്രകാശ് ബാരെ - ഇവന്‍ നാല് പേരും കൂടി ഒരു കമ്പനി തുടങ്ങി- ജി ഡി എ ടെ ക്നോളജീസ്. സിലിക്കണ്‍ വാലിയിലെ സാന്‍ ജോസിലാണ് കമ്പനിയുടെ ആസ്ഥാനം. ബോസ്റ്റണ്‍ , സാക്രമെന്റോ, ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് ജി ഡി എ ടെക്നോളജിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞു.
ബൌദ്ധിക സ്വത്തവകാശം ഉള്ള ഹൈസ്പീഡ് ചിപ്പ് ഇന്റര്‍ ഫേസുകള്‍ ഡിസൈന്‍ ചെയ്യുന്നതിലാണ് പ്രകാശ് ബാരെയുടെ നേതൃത്വത്തില്‍ ജി ഡി എ ടെക്നോളജീസ് മുഴുകിയത്. ഇന്‍ടെല്‍ , എ എം ഡി, മോടോറോള , ഫ്രീ സ്കെയില്‍ , സോണി, എന്‍ ഇ സി, ക്യു ലോജിക് , ക്രേ കമ്പ്യൂട്ടര്‍സ് തുടങ്ങിയ ആഗോള വമ്പന്മാരുടെ ഓര്‍ഡര്‍ ധാരാളമായി പ്രകാശിനും കൂട്ടര്‍ക്കും ലഭിച്ചു.
ലോകമെമ്പാടും അത്യുന്നത നിലവാരത്തില്‍ അതിവേഗപ്രവര്‍ത്തനം നടത്തുന്ന നാനാതരം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഗെയിം കണ്സോലുകളിലും കമ്പ്യൂട്ടര്‍ കളിലും അനിവാര്യമായിതീര്‍ന്ന മൈക്രോ ചിപ്പുകളും ഐ പിയും ഡിസൈന്‍ ചെയ്തത് പ്രകാശും കൂട്ടരും ആണ്. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ അതിവേഗം വികസി ക്കുന്ന 100 സ്വകാര്യ കമ്പനികളില്‍ ഒന്നായിത്തീ രുവാന്‍ ജി ഡി എ ടെ ക്നോളജിക്ക് കഴിഞ്ഞു.
മൈക്രോ ചിപ്പ് ഡിസൈന്‍ രംഗത്തെ അതികായരില്‍ ഒരാളായി അമേരിക്കയില്‍ കഴിയുമ്പോഴും പ്രകാശ് ബാരെ എന്ന കലാകാരന്‍ പ്രകാശം പരത്തിക്കൊണ്ടിരുന്നു.
പ്രകാശ് നേതൃത്വം കൊടുത്തിരുന്ന ജി ഡി എ ടെ ക്നോളജീസിന്‍റെ ബൌദ്ധിക സ്വത്ത് ഉല്പാദന വിഭാഗം 2005 ല്‍ ഹൈസ്പീഡ് ചിപ്പ് ഇന്റര്‍ഫേസ് രംഗത്തെ അതികായരായ റാംബസിനു കൈമാറി. റാം ബസിന്‍റെ ഇന്ത്യയിലെ മേധാവിയായി ബാംഗ്ലൂരില്‍ എത്തിയ പ്രകാശ് ബാരെ അവിടുന്ന് വിരമിച്ച ശേഷം അമേരിക്കയിലേക്ക് തിരിയെ പോയില്ല. ദൃശ്യ മാധ്യമ രംഗത്ത് സ്വന്തം കഴിവുകള്‍ ഉപയോഗിക്കുവാന്‍ ഉള്ള യത്നങ്ങളില്‍ മുഴുകിയ അദ്ദേഹത്തിന് ഇന്ത്യയിലും വിദേശത്തും ഉള്ള സുഹൃത്തുക്കള്‍ പ്രോത്സാഹനം നല്‍കി. അങ്ങനെയാണ് സിലിക്കണ്‍ മീഡിയ യുടെ ഉദയം.
സിലിക്കണ്‍ മീഡിയ യുടെപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ നിരവധി ഐ ടി സ്ഥാപനങ്ങളുടെ ഉപദേശകനായും കണ്സല്ട്ടന്റ്റ് ആയും പ്രകാശ് ബാരെ തന്റെ തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചു കൊണ്ടിരിക്കുന്നു.
സിലിക്കണ്‍ മീഡിയ
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുതുവാനാണ് സിലിക്കണ്‍ മീഡിയ ശ്രദ്ധിക്കുന്നത് . ലോകനിലവാരത്തിലുള്ള നല്ല സിനിമകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുകയാണ് ലക്‌ഷ്യം.
ഐ ടി, ഫിനാന്‍സ്, ബി പി ഓ തരംഗങ്ങള്‍ക്ക് ശേഷം ഇന്ത്യക്കൊപ്പം ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു കുറഞ്ഞ നിര്‍മാണച്ചെലവ് , മികച്ച കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ലഭ്യത, സാങ്കേതിക മികവ് ഇതൊക്കെ ദൃശ്യ മാധ്യമരംഗത്ത് കുതിച്ചു ചാട്ടത്തിനു ഇന്ത്യക്ക് അനുകൂലമായ ഘടകങ്ങള്‍ ആണെന്ന് പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.
സിലിക്കണ്‍ മീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയും മലയാളികള്‍ ആണ്. ആദ്യ സംരംഭമായി ഒരു മലയാളസിനിമ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതിന്‍റെ കാരണം അതാണ്.
മികച്ച സിനിമകള്‍ എടുത്തു കഴിവ് തെളിയിച്ചവരാണ് സിലിക്കണ്‍ മീഡിയുടെ ചിത്രങ്ങള്‍ ചെയ്യുന്നത്. വിപണനത്തിലെ ആഗോള സമീപനമാണ് മറ്റൊരു പ്രത്യേകത. ചലച്ചിത്രോത്സവങ്ങളിലും മറ്റു പ്രദര്‍ശന രംഗങ്ങളിലൂടെയും ലോകവ്യാപകമായി
സിനിമ കാണിക്കുവാനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കുവാനുള്ള സാങ്കേതിക ജ്ഞാനവും സംഘാടക മികവും സിലിക്കണ്‍ മീഡിയയുടെ ടീമിനുണ്ട്. വിതരണ/പ്രദര്‍ശന പ്രക്രിയയിലും സാങ്കേതിക വിദ്യക്ക് പ്രധാന പങ്കുണ്ട്. സിലിക്കണ്‍ മീഡിയയുടെ സാമൂഹികമായ ഉത്തരവാദിങ്ങളുടെ സാക്ഷാത്കാരം ആയിരിക്കും ഓരോ പ്രോജക്ടുമെന്നു പ്രകാശ് ബാരെ ഉറപ്പിച്ചു പറയുന്നു.
ടിവി ചാനലുകളുടെ കടന്നുവരവ്, വ്യാജപ്പകര്‍പ്പുകള്‍ അനായാസം സാധ്യമാക്കിക്കൊണ്ട് ടെക്നോളജി യുടെ മുന്നേറ്റം, മള്ട്ടിപ്ലക്സ്കളുടെ അഭാവം , സ്ഥാപിത താല്പര്യക്കാരുടെ കടന്നു കയറ്റം, സര്‍ക്കാരിന്റെ നിഷ്ക്രിയത - ഇതൊക്കെ മലയാളസിനിമയുടെ വളര്‍ച്ചയെ തടയുന്ന ഘടകങ്ങളാണ്.
ഇതിനെയൊക്കെ അതിജീവിച്ചു നല്ല ചിത്രങ്ങള്‍ എടുക്കുവാന്‍ വളരെ കുറച്ചു ചലച്ചിത്രകാരന്മാര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. സമവാക്യങ്ങളും മുന്‍ വിധികളും ഇല്ലാതെ നല്ല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുവാനും അവ ലോകനിലവാരത്തില്‍ ചിത്രീകരിക്കുവാനും കഴിഞ്ഞാല്‍ മാത്രമേ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയെ അതിജീവിക്കുവാന്‍ മലയാള സിനിമയ്ക്കു കഴിയുകയുള്ളൂ. നല്ല സിനിമയെ തിരിച്ചറിയുവാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കണം. പ്രേക്ഷകരുടെ പരിഗണന ലഭിക്കേണ്ടുന്ന ചെറിയ നല്ല ചിത്രങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടനം. പുതിയ രചനകളും പുതിയ സിനിമാപ്രവര്‍ത്തകരും ധാരാളമായി മുന്നോട്ടു വരേണ്ടതുണ്ട്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാതെ പോവരുത് . തെളിയിക്കപ്പെട്ട കഴിവുകള്‍ ഉള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ നവാഗതര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിലും സിലിക്കണ്‍ മീഡിയ ബദ്ധ ശ്രദ്ധരാണ്.
ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ താരപരിവേഷമുള്ള മൂലകമാണ് സിലിക്കണ്‍. കംപ്യൂ ട്ടര്‍ ചിപ്പ് വ്യവസായത്തിന്‍റെ ഈറ്റില്ലമായ സിലിക്കണ്‍ വാലി ആയിരുന്നു പ്രകാശ് ബാരെയുടെ കര്‍മ്മഭൂമി. വരുന്ന നാളുകളില്‍ സിനിമയെ വഹിക്കുന്ന മാധ്യമം ഫിലിം അല്ല സിലിക്കണ്‍ ആണ് . ഇതൊക്കെയാണ് സിലിക്കണ്‍ മീഡിയ എന്ന പേരിന്റെ രഹസ്യങ്ങള്‍.
എന്തു കൊണ്ട് സൂഫി പറഞ്ഞ കഥ ?
കഥയാണ് താരം എന്നതാണ് സിലിക്കണ്‍ മീഡിയ നിര്‍മ്മിക്കുന്ന ഫീച്ചര്‍ ഫിലിമുകളുടെ അടിസ്ഥാനം. ഇതു നല്ല സിനിമയുടെയും ഒന്നാമത്തെ ചേരുവ നല്ല കഥ തന്നെയാണ്. സൂഫി പറഞ്ഞ കഥ സിനിമയാക്കണ മെന്നു തോന്നിയത് അതിനൊരു നല്ല കഥ ഉള്ളത് കൊണ്ടാണ്. രചന കൊണ്ടും ഉള്ളടക്കം കൊണ്ടും വായനാനുഭവം കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച നോവലാണ് കെ പി രാമനുണ്ണിയുടെ ഈ മാസ്റ്റര്‍പീസ്. തീര്‍ത്തും ഒരു ഇന്ത്യന്‍ കഥ. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ ആഴങ്ങള്‍ ഈ കഥയില്‍ തെളിഞ്ഞു കാണാം. ആഗോള പ്രസക്തിയുള്ള വിഷയം . വൈകാരികതീവ്രതയും അപൂര്‍വമുഹൂര്‍ത്തങ്ങളും സര്‍വോപരി അപാരമായ ദൃശ്യസാധ്യതകളും ഉള്ള കൃതി. സംവിധാനം ചെയ്തത് മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ കമലം നേടിയ പ്രിയനന്ദനന്‍.
മലയാള സിനിമയുടെ നവീകരണ പ്രക്രിയയില്‍ സൂഫി പറഞ്ഞ കഥ നല്ലൊരു തുടക്കമാണ് കുറിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് സാക്ഷാല്‍ മമ്മൂട്ടി യാണ്. സാമൂഹികവും സാംസ്കാരികവും അതെ സമയം തികച്ചും മാനുഷികവുമായ ചില നിത്യപ്രശ്നങ്ങളെ ശക്തമായി അവതരിപ്പിക്കുന്ന ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം മലയാളസിനിമയുടെ വളര്‍ച്ചയുടെ വഴിയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
നല്ല കഥ നല്ല ദൃശ്യങ്ങളിലൂടെ നന്നായി പറയാന്‍ കഴിയണം. ദുരൂഹത സിനിമയ്ക്ക് ചേര്‍ന്നതല്ല. നല്ല സിനിമ സമം ആര്‍ട്ട് സിനിമ സമം ബോറന്‍
സിനിമ എന്ന മിത്ത് പ്രേക്ഷകര്‍ക്കിടയില്‍ ഉറച്ചു പോയതിന്‍റെ കാരണക്കാര്‍ സിനിമയെന്ന പേരില്‍ വിഷയപരമായ ആത്മാര്‍ഥതയോ സാങ്കേതിക മികവോ ഘടനാപരമായ മേന്മയോ ഇല്ലാത്ത സിനിമകള്‍ സൃഷ്ടിച്ചവര്‍ തന്നെയാണ്. ആര്‍ട്ട് സിനിമ , മധ്യവര്‍ത്തി സിനിമ, കച്ചവട സിനിമ എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമല്ല.
പാട്ടും നൃത്തവും ഇടിയും ഇടിവെട്ട് ഡയലോഗുകളും കൊണ്ട് പ്രകമ്പനം കൊള്ളിക്കുന്ന സിനിമ കാണികള്‍ക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. മറ്റു ഭാഷകളില്‍ ഇതൊക്കെ പതിവായിരുന്ന കാലത്ത് മലയാള സിനിമയുടെ മുഖം രക്ഷിച്ചിരുന്നത് സാഹിത്യ കൃതികളെ ആസ്പദമാക്കി നിര്‍മ്മിച്ചിരുന്ന സിനിമകളാണ്. ആ പതിവ് നിന്നു പോയതോടെയാണ് മലയാളസിനിമയുടെ നിലവാരത്തകര്‍ച്ച ആരംഭിച്ചത്.
നല്ല സിനിമകള്‍ കാണുകയും കാണിക്കുകയും ചെയ്യുന്നതില്‍ പ്രകാശ് ബാരെക്ക് ജന്മസിദ്ധമായ കഴിവുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് ശങ്കര നാരായണനു ചിറയ്ക്കല്‍ ഒരു തിയ്യേറ്റര്‍ ഉണ്ടായിരുന്നു - ' ധനരാജ് '. അവിടെയാണ് പ്രകാശ് ബാരെ ' ചെമ്മീന്‍ ' കാണുന്നത് . അതില്‍പ്പിന്നെ അത്തരം നിലവാരമുള്ള ചിത്രങ്ങള്‍ തെരഞ്ഞു പിടിച്ചു കണ്ടു. ലോക സിനിമയുമായി അടുത്തിടപഴകാന്‍ ഉള്ള അനുസ്യൂതമായ അവസരങ്ങള്‍ .പ്രകാശ് ബാരെയുടെ അമേരിക്കന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. തന്റെ പ്രൊഫഷന്‍ ആയ ഇലക്ട്രോണിക്സ് ദൃശ്യ മാധ്യമ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് തിരിച്ചരിവാന്‍ ഈ ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ക്ക് നിഷ്പ്രയാസം കഴിയുന്നു. സൂഫി പറഞ്ഞ കഥ സിനിമയാക്കുന്നതിനെപ്പറ്റി പ്രകാശ് ബാരെയോടു ആദ്യം പറയുന്നത് തമ്പി ആന്റണി ആണ്. പുതിയൊരു ചിത്രം ചെയ്യുന്നതിനായി പ്രിയനന്ദനന്‍ ' സൂഫി പറഞ്ഞ കഥ 'യുമായി ചിലരെയൊക്കെ സമീപിച്ചിരുന്നു. അക്കാലത്ത് തന്നെയാണ് സാംസ്കാരിക കേരളത്തിന്‍റെ കൊല്‍ക്കത്ത പ്രതിപുരുഷന്‍ ആയി സ്വയം പ്രഖ്യാപിച്ചിട്ടുള്ള വേണു പെരിയങ്ങോട് തമ്പി ആന്റണിയോട് സൂഫി പറഞ്ഞ കഥ യെ പ്പറ്റി പറയുന്നത്. പ്രിയനന്ദനനെക്കൊണ്ട് സൂഫി പറഞ്ഞ കഥ ചെയ്യിക്കാം എന്ന് പറയുന്നത് തമ്പി ആന്റണി ആണ്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കെ പി രാമനുണ്ണി, തമ്പി ആന്റണി, പ്രിയനന്ദനന്‍, പ്രകാശ് ബാരെ എന്നിവര്‍ ഒന്നിച്ചു കൂടുന്നു. രാമനുണ്ണി തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി . വേഗം തന്നെ ഷൂട്ടിംഗ് നിശ്ചയിച്ചു. സൂഫി പറഞ്ഞ കഥയിലെ നായകന്‍ പീത്താടന്‍ മാമൂട്ടിയുടെ വേഷം പ്രകാശ് ബാരെ തന്നെ ചെയ്യണമെന്നു നിശ്ചയിച്ചത് കഥാകാരന്‍ രാമനുണ്ണി തന്നെയാണ്. പ്രകാശിനെ അത്ഭുതപ്പെടുത്തിയ തീരുമാനം ആയിരുന്നു അത്. നിര്‍മ്മാതാവിന്‍റെ റോളിനു പുറമേ എന്തെങ്കിലും ചെറിയ വേഷത്തില്‍ അഭിനയിക്കണമെന്ന് പഴയ നാടകപരിചയത്തിന്‍റെ ബലത്തില്‍ പ്രകാശ് ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്. പക്ഷെ നായകന്‍റെ വേഷത്തിനു യോജ്യന്‍ പ്രകാശ് തന്നെയാണെന്ന് കഥാകൃത്ത് പ്രഖ്യാപിക്കുമ്പോള്‍ അത് തികച്ചും ഉചിതം ആണെന്ന് പ്രിയനന്ദനനും ശരി വച്ചു. - അതോടെ തന്‍റെ ഉത്തരവാദിത്തം ഇരട്ടിക്കുകയാനുണ്ടായത് - നിര്‍മാതാവെന്ന നിലയിലും നടന്‍ എന്ന നിലയിലും .
മൂന്നു പ്രധാന കഥാപാത്രങ്ങള്‍ ആണ് സൂഫി പറഞ്ഞ കഥയില്‍ ഉള്ളത് - മേലെപ്പുല്ലാര തറവാട്ടിലെ കാരണവര്‍ ശങ്കു മേനോന്‍, അദ്ദേഹത്തിന്റെ അനന്തിരവള്‍ കാര്ത്തി, പൊന്നാനിക്കാരന് പീത്താടന്‍ മാമൂട്ടി എന്നിവര്‍. ശങ്കു മേനോനെ തമ്പി ആന്റണി യും കാര്ത്തി യെ ബംഗാളി നടി ശര്ബാനി മുഖര്ജി യും മാമൂട്ടിയെ പ്രകാശ് ബാരെയും അവതരിപ്പിച്ചു.
മലയാള സിനിമയില്‍ തികച്ചും പുതിയ മാനങ്ങള്‍ ഉള്ള പീത്താടന്‍ മാമുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ തന്റെ നാടകരംഗത്തെ പരിചയം ഏറെ സഹായിച്ച്ചുവെന്നു പ്രകാശ് ബാരെ പറഞ്ഞു. ഒപ്പം അഭിനയിക്കുന്ന തമ്പി ആന്റണി, ശര്ബാനി മുഖര്ജിഎന്നിവര്ക്കും സംവിധായകന്‍ പ്രിയനന്ദനനും നാടക - സിനിമാരംഗങ്ങളിലുള്ള അനുഭവസമ്പത്ത് പ്രകാശ് ബാരെയുടെ സിനിമയിലെ അരങ്ങേറ്റം സുഗമാമാക്കുന്നതില്‍ നല്ല പങ്കു വഹിച്ചു.
ബാംഗ്ലൂര്‍ ലെ സാംസ്കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യം ആണ് പ്രകാശ് ബാരെ. അദ്ദേഹം പഠിച്ച പാലക്കാട് എന്‍ എസ് എസ് കോളേജ് ലെ പൂര്‍വ വിദ്യാര്തികളുടെ സംഘടന ആയ നെക്യാ ബ് (പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് അലുമിനി അസോസിയേഷന്‍ ഓഫ് ബാംഗ്ലൂര്‍) ബാംഗ്ലൂര്‍ ലെ മികച്ച ഒരു സാംസ്കാരിക കൂട്ടായ്മ ആണ്. നെക്യബ് മാറ്റിനി എന്ന പേരില്‍ പ്രകാശും കൂട്ടരും രണ്ടു മാസത്തില്‍ ഒരിക്കല്‍ നല്ല സിനിമയുടെ പ്രദര്ശനങ്ങളും അതതു സിനിമകളുടെ സംവിധായകരെ ഉള്പ്പെടുത്തിയുള്ള ചര്ച്ചകളും സംഘടിപ്പിക്കുന്നു.
No comments:
Post a Comment